Wednesday, December 8, 2010

വിചാരണ

കോടതി മുറിയില്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്‍ക്കുകയാണ് കഥാകൃത്ത്‌. വധശിക്ഷ വരെ വിധിക്കപ്പെട്ടെക്കാം ... തൂക്കുകയര്‍ ആവുമോ?....അങ്ങനെയെങ്കില്‍  ഒരു മൂക്ക് വേണം എന്ന് കയര്‍  ആദ്യമായി ചിന്തിച്ചുപോകും ...  ആ കയറിന്റെ നൂറിലൊന്നു തൂക്കം  ശരീരത്തിനില്ലാത്ത്ത തന്നെ കാണുമ്പോള്‍തന്നെ അതിനു മൂക്കില്‍ വിരല്‍ വെച്ചു "ഭ്ര്" എന്ന ശബ്ദം ഉണ്ടാക്കി ചിരിക്കാമായിരുന്നല്ലോ.  കയറിനു പോലും അപമാനം ആവാന്‍ ഇടയുള്ളത് കൊണ്ട് തൂക്കാന്‍ സാധ്യത കുറവാണ്.  ചിലപ്പോ നിലത്തടിച്ചു കൊന്നേക്കും... അല്ലെങ്കില്‍ ഒരു കാലില്‍ ചവുട്ടിപ്പിടിച്ചു മറ്റേ കാല്‍ മേലോട്ട് വലിച്ചു നെടുകെ പിളര്‍ന്നു കൊന്നേക്കും...

കഥാകൃത്തിന്റെ ചിന്തകളെ വെട്ടിമുറിച്ചുകൊണ്ട് ഒരു മനുഷ്യന്‍ കുറ്റപത്രം വായിച്ചു:
"ഈ കഥാകൃത്തിന്റെ കഥകള്‍ വായിച്ചു മുപ്പത്തി നാല് പേര്‍ ഇതുവരെ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു. ഇരുപത് ഗര്‍ഭങ്ങള്‍ അലസിപ്പോയി. പന്ത്രണ്ടു പേര്‍ വിഷം കഴിച്ചു മരിച്ചു. മസ്തിഷ്ക്കാഘാതം വന്നു നാലുപേര്‍ മരിക്കാന്‍ കിടക്കുന്നു. ആയതിനാല്‍ പ്രസ്തുത കഥാകൃത്തിനെ എന്ത് ചെയ്യണമെന്നു കോടതി ഇന്ന് തീരുമാനിക്കും. സംഭവത്തിന്റെ ഗുരുതരാവസ്ഥ പരിഗണിച്ചു വാദവും വിധിയും ശിക്ഷയും ഇന്ന് തന്നെ നടപ്പിലാക്കുമെന്നും അറിയിക്കുന്നു."
ജഡ്ജി വട്ടകണ്ണടയിലൂടെ കഥാകൃത്തിനെ നോക്കി ചോദിച്ചു:"വക്കീല്‍ ഉണ്ടോ?"
"ഇല്ലാ".
സന്തോഷത്തോടെ പ്രോസിക്യൂഷന്‍ വക്കീല്‍ എണീറ്റു. ജീവിതത്തില്‍ ആദ്യമായി ഒരു കേസ് ജയിക്കാന്‍ പോവുന്നതിന്റെ, വൈകിട്ട് ബാറില്‍ പോകുന്നതിന്റെ, അവിടെ സഹവക്കീലന്സിന്റെ വെല്‍ ഡെന്‍ കിട്ടുന്നതിന്റെ, മായ വക്കീലിന്റെ മുന്നില്‍ നെഞ്ച് വിരിച്ചു ഷോ കാണിക്കാം എന്നതിന്റെയൊക്കെ കൊളാഷ് ഭാവങ്ങള്‍ അയാളുടെ മുഖത്ത് നിറഞ്ഞു.
"മിസ്റ്റര്‍ കഥാകൃത്ത്‌.... കാഥികന്‍... ഓര്‍ വാട്ടെവര്‍ യു ആര്‍....", അയാള്‍ വാദം മനപ്പട്ടയില്‍ നിന്നും ഊരിയെടുക്കാന്‍ തുടങ്ങി.
"നിങ്ങള്‍ വിവാഹിതനാണോ?"
"അല്ലാ"
"നിങ്ങള്‍ മദ്യപിക്കാരുണ്ടോ?"
"ഇല്ലാ"
"നിങ്ങള്‍ പ്രോസ്ന്റെ അടുത്ത് പോയിട്ടുണ്ടോ?"
"ഇല്ലാ"
"നിങ്ങള്‍ കച്ചവടം നടത്താരുണ്ടോ?"
"ഇല്ലാ"
"നിങ്ങള്‍ കുളിക്കാരുണ്ടോ?"
"ഇല്ലാ"
എന്തോ പിടികിട്ടിയ പോലെ കോടതിയെ തന്നെ ഞെട്ടിച്ചുകൊണ്ട് വക്കീല്‍ അലറി "യെസ് യുവര്‍ ഓണര്‍ ...", അറിയാവുന്ന ഇന്ഗ്ലീശുകളൊക്കെ പൊക്കിയെടുത്തു ഒരു കാച്ച്:
"ദിസ്‌ ഫെല്ലോ ഈസ്‌ കംപ്ലീട്ലി അരഗന്റ്റ്. ഹി ദിസെര്വേസ് ദി മാക്സിമം പെനാല്‍ടി ഓഫ് ഡെത്ത് അണ്ടര്‍ ദി കന്‍സ്ടിടൂഷന്‍ ഫോര്‍ പ്രിവെന്‍ഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ്‌ ഇന്ടിസിപ്ലിന്‍  "
നല്ലൊരു വാദം കേള്‍ക്കാന്‍ ആവാത്ത നിരാശയോടെ ജഡ്ജി പറഞ്ഞു:"യെസ് മിസ്റ്റര്‍ അട്വോകെറ്റ്‌... ഹി മെയ്‌ ഗെറ്റ് ഡെത്ത്... ബട്ട്‌ ബിഫോര്‍ ദാറ്റ്‌ വി ഹവ് ടു പ്രൂവ് ഹിസ്‌ ഗില്‍റ്റ്."
"ബട്ട്‌ ഹൌ ഈസ്‌ ദാറ്റ്‌ പോസ്സിബ്ല്‍ യുവറോണര്‍?", വക്കീലും വിട്ടുകൊടുത്തില്ല. 
"ലെറ്റ്‌ മി ഷോ യു...", ജഡ്ജി പീഠം വിട്ട് എണീറ്റു.

ജഡ്ജി നടുക്കളത്തില്‍ ഇറങ്ങി വിസ്തരിച്ചു തുടങ്ങി:"മിസ്റ്റര്‍ കഥാകൃത്ത്‌.. താങ്കള്‍ എന്തിനാണ് കഥ എഴുതുന്നത്‌?"
"ഞാന്‍ എഴുതുകയല്ല .... എന്നെക്കൊണ്ട് എഴുതിപ്പിക്കയാണ്.."
"ആരാ എഴുതിപ്പിക്കുന്നത്? ഭീഷണിപ്പെടുത്തിയാണോ എഴുതിപ്പിക്കുന്നത്?"
"എന്‍റെ ഹൃദയം... എന്‍റെ തലച്ചോര്‍..."
"ഹൃദയമോ അതോ തലച്ചോറോ?"
"ചിലപ്പോള്‍ ഹൃദയം... ചിലപ്പോള്‍ തലച്ചോര്‍.... ചിലപ്പോള്‍ ഇത് രണ്ടും..."
"അപ്പോള്‍ താങ്കളുടെ കൈകള്‍?"
"കൈകള്‍ സ്വതന്ത്രമല്ല.... തലച്ചോറും ഹൃദയവും പറയുന്നത് ചെയ്യുന്നു..."
"ലോകത്തില്‍ ഒരുപാട് കഥാകൃത്തുക്കള്‍ ഉണ്ട്... പക്ഷെ താങ്കളുടെ കഥ വായിക്കുന്നവര്‍ മാത്രം മരിക്കുന്നു...?"
"അതിനു കാരണം എനിക്കറിയില്ല..."
"ആട്ടെ എന്താണ് താങ്കള്‍ എഴുതുന്നത്‌...?"
"എന്‍റെ ജീവിതം .... മറ്റുള്ളവരുടെ ജീവിതം.."
"പറയുന്നത് താങ്കളുടെ കഥകള്‍ സത്യങ്ങള്‍ ആണെന്നോ?"
"അതെ"
"ഉറപ്പാണല്ലോ?"
"അതെ"
"ഭാവന ഒട്ടും ഇല്ലാ?"
"ഇല്ലാ"
"എങ്കില്‍ ശരി..", ജഡ്ജി തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങി.

"കഥകള്‍ വായിച്ചു ചിലരൊക്കെ മരിച്ചു എന്ന കുറ്റം മാപ്പര്‍ഹിക്കുന്നതാണ്.. അറുന്നൂറു കോടി മനുഷ്യരില്‍ ചിലരൊക്കെ കുറയുന്നത് നല്ലതാണ്..."
എന്നിട്ട് പ്രസ്താവിച്ചു:" എങ്കിലും കഥാകൃത്ത്‌ കുറ്റക്കാരന്‍ തന്നെയാണെന്ന് നിസ്സംശയം ബോധ്യമായിരിക്കുന്നു"
"എന്തെന്നാല്‍ കഥാകൃത്ത്‌ സത്യം വിളിച്ചു പറയുന്നു. അങ്ങനെ വിളിച്ചു പറയനുള്ളതല്ല സത്യം... എല്ലാവരും സത്യം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ കോടതിക്കുതന്നെ നിലനില്‍പ്പില്ല. ആയതിനാല്‍ കഥാകൃത്ത്‌ ശിക്ഷ അര്‍ഹിക്കുന്നു.
തികച്ചും സങ്കീര്‍ണമായ ഒരു കേസ് ആണിത്. ഈ കുറ്റത്തില്‍ കഥാകൃത്തിന്റെ കൈകള്‍ മാപ്പ് സാക്ഷി ആക്കപ്പെടെണ്ടാതാകുന്നു. ഗുരുതരമായ കുറ്റം ആരോപിക്കപെടുന്ന ഹൃദയവും തലച്ചോറും മാപ്പര്‍ഹിക്കുന്നില്ല. ആയതിനാല്‍ അവ പിഴുതു കളയുവാന്‍ ഈ കോടതി ഉത്തരവിടുന്നു."
ചുറ്റിക കൊണ്ട് മൂന്നു തവണ മേശയില്‍ അടിച്ചു ജഡ്ജി എഴുന്നേറ്റു തിരിഞ്ഞു നടന്നു....
അപ്പോഴാണ് കഥാകൃത്ത്‌ ശ്രദ്ധിച്ചത്... ജഡ്ജിയുടെ തലയോട്ടിയുടെ പിറകില്‍ ഒരു വലിയ ഓട്ട.... ശൂന്യത ... പണ്ടെന്നോ ജഡ്ജിയും തന്നെപ്പോലെ ആയിരുന്നു!   


5 comments:

ആദൃതന്‍ | Aadruthan said...

കഥയെഴുതി തലച്ചോര്‍ നഷപ്പെട്ടവര്‍ക്ക് സമര്‍പ്പണം.

ഒഴാക്കന്‍. said...

ഭാഗ്യം ഞാന്‍ എന്റെ തലച്ചോര്‍ പണ്ടേ പണയം വെച്ച് എന്നിട്ട പഠിക്കാന്‍ പൈസ ഉണ്ടാക്കിയെ

രമേശ്‌അരൂര്‍ said...

പോസ്റ്റ് മോഡേന്‍ സ്റ്റോറി ..........:)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ല തച്ചോറുള്ളയാളാൾ എഴുതപ്പെട്ട ആധുനിക കഥ...

ആദൃതന്‍ | Aadruthan said...

നന്ദി ഒഴാക്കന്‍...
നന്ദി രമേശ്‌ അരൂര്‍ ...
നന്ദി ബിലാത്തി മുരളിയേട്ടാ...
പുതിയ ബ്ലോഗ്ഗര്‍ സൌഹൃദങ്ങള്‍ ഉണ്ടാവുകയാണെന്ന് തോന്നിപ്പോവുന്നു.